പാലപ്പിള്ളി: ക്രിസ്മസ് അവധി ദിനങ്ങളില്‍ ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ശനിയും ഞായറും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അവധിദിനമായതിനാല്‍ ക്രിസ്മസ് ദിനത്തിലും പ്രവേശനം നല്‍കിയിരുന്നു. ചിമ്മിനിയിലേക്കുള്ള വഴിയില്‍ വലിയകുളം ഭാഗത്ത് ആനകള്‍ കൂട്ടമായി ഇറങ്ങുന്നുണ്ട്. ഞായറാഴ്ച 14 ആനകള്‍ നിരന്നുനിന്നതിനാല് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ആനകള്‍ പ്രകോപനമില്ലാതെ റോഡരികില്‍ ഏറെ നേരം നിലയുറപ്പിച്ചതോടെ സഞ്ചാരികള്‍ അടുത്തുപോയി സെല്‍ഫിയെടുക്കാനും ശ്രമം നടത്തി. ഇതോടെ ആനകളും പ്രകോപിതരായി തുടങ്ങി. വനപാലകരെത്തിയാണു ശാന്തമാക്കിയത്. ആനകള്‍ക്ക് അടുത്തുപോകുന്നവര്ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.