തേന്‍കുറിശ്ശി : പാലക്കാട്ടെ തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊല കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് 27കാരനായ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാര്‍ പോലീസ് കസ്റ്റഡിയില്‍. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവന് സുരേഷിനെയും കസ്റ്റഡിയിലെടുത്തിരുന്നു.
മരണം ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ ആരോപണം. വിവാഹം കഴിഞ്ഞതിന് ശേഷം അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരന് അരുണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.
‘അവര്‍ ബൈക്കില്‍ വന്നാണ് ചെയ്തത്. മൂന്നുമാസത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു’, അരുണ്‍് പറഞ്ഞു.
മൂന്നുമാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. ജാതിവ്യത്യാസമുണ്ടെന്നും മൂന്നുമാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കസ്റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാന്‍ കഴിയൂ എന്നാണ് പാലക്കാട് ഡിവൈഎസ്പി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.