കുട്ടനാട്: വെള്ളത്തില്‍ വീണ് ജീവനുവേണ്ടി മല്ലടിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരിക്ക് രക്ഷകരായി ഇരട്ടസഹോദരന്മാര്. മാമ്പുഴക്കരി കോളനി നമ്പര്‍ 78ല്‍ മിഥുന്റെയും ദിവ്യയുടെയും മകള്‍ നിലായ്ക്കാണ് ബന്ധുവീട്ടിലെത്തിയ കങ്ങഴ സ്വദേശികളായ കൊല്ലംപറമ്പില്‍ അനില്‍കുമാറും അരുണ്‍കുമാറും രക്ഷകരായത്.
ഇന്നലെ വൈകിട്ട് മുന്നരയോടെ മാമ്പുഴക്കരി പാലത്തിനു സമീപമായിരുന്നു അപകടം. എസി കനാലില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു അനില്‍കുമാറും അരുണ്‍കുമാറും. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി വഴിയിലേക്ക് ഇറങ്ങി പാലത്തിന്റെ സമീപന പാതയിലേക്കു കയറുന്നതിനിടെ കനാലിലേക്ക് വീണു.
കുട്ടി വെള്ളത്തിലേക്ക് വീഴുന്നത് ഇരട്ടസഹോദരന്മാര് കാണുന്നുണ്ടായിരുന്നു. ഐടിഐ വിദ്യാര്‍ഥികളായ അനിലിനും അരുണിനും നീന്തല്‍ വശമില്ലായിരുന്നു. എന്നിട്ടും മുങ്ങിത്താഴുന്ന കുട്ടിയെ രക്ഷിക്കാന്‍ ഒന്നുംനോക്കാതെ കനാലിലേക്ക് എടുത്തുചാടി.
വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ കുട്ടിക്ക് അനിലിന്റെ കാലില്‍ പിടിത്തം കിട്ടിയതാണ് രക്ഷയായത്. ഉടന്‍ അരുണ്‍ വെള്ളത്തിലിറങ്ങി കാലില്‍ പിടിച്ചുകിടന്ന കുട്ടിയെ കരയ്ക്കെത്തിച്ചു. ചങ്ങനാശേരി സക്കീര്‍ ഹുസൈന് ഐടിഐ വിദ്യാര്‍ഥികളാണ് അരുണും അനിലും.