ചെര്‍പ്പുളശ്ശേരി: ഭാഗ്യദേവത തനിക്കൊപ്പം തന്നെയുണ്ടെന്ന് സുഭാഷിന് മനസ്സിലായ നിമിഷങ്ങളേറെ. സമ്മര്‍ ബംപറില്‍ 6 കോടി നേടിയ ടിക്കറ്റ് സുബാഷിന്റെ കൈയ്യിലൂടെയാണു ഭാഗ്യവാനിലെത്തിയത്. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിന്റെ ‘ഭാഗ്യമിത്ര’ ലോട്ടറിയില്‍ ഒന്നാം സമ്മാനം ഒരു കോടിയും ഭാഗ്യവാന്റെ കൈയ്യിലെത്തിയത് സുബാഷിലൂടെ തന്നെ.
ലോട്ടറിയുടെ ഒന്നാംസമ്മാനം സേലം സ്വദേശി ചെല്ലമുത്തുവിന്റെ കൈയ്യിലാണ് സുഭാഷ് എത്തിച്ചത്. തൂത ഭഗവതി ക്ഷേത്രത്തിനടുത്തു ചില്ലറ ലോട്ടറി വില്‍പനക്കാരനാണു സുബാഷ് ചന്ദ്രബോസ്. കഴിഞ്ഞ ജൂണ്‍ 26നു സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ഒന്നാം സമ്മാനം ആറു കോടി സുബാഷ് വിറ്റ ടിക്കറ്റിനായിരുന്നു.
മലപ്പുറം ജില്ലയിലെ തൂത വാഴേങ്കട എടായ്ക്കല്‍ കളത്തില്‍ വീട്ടില്‍ സുബൈറിനെയാണ് (35) അന്നു ഭാഗ്യദേവത തേടിയെത്തിയത്. ‘ഭാഗ്യമിത്ര’ കടാക്ഷിച്ച സേലം സ്വദേശി ചെല്ലമുത്തു (50) കുറച്ചു കാലമായി തൂത ചങ്ങമ്പുഴ വായനശാലയ്ക്കു സമീപം സ്ഥിരതാമസമാണ്.
ഇടയ്ക്കിടെ കൂടുതല്‍ ലോട്ടറികളെടുക്കുന്ന ചെല്ലമുത്തുവിന് ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. അഞ്ചു പേര്‍ക്ക് ഓരോ കോടി രൂപ വീതം നല്കുന്ന ഭാഗ്യമിത്രയുടെ ബിഎഫ്- 508234 ടിക്കറ്റിനാണു സമ്മാനം. ചെര്‍പ്പുളശ്ശേരി മുരളി ലോട്ടറീസില്‍ നിന്നു ചെര്‍പ്പുളശ്ശേരിയിലെ തന്നെ ശാസ്താ ഏജന്‍സി വാങ്ങിയ ടിക്കറ്റാണു സുബാഷ് ചന്ദ്രബോസ് വിറ്റത്.
5 മാസത്തിനിടെ സംസ്ഥാന ലോട്ടറിയുടെ രണ്ട് ഒന്നാം സമ്മാനം നേടിക്കൊടുത്ത സന്തോഷത്തിലാണു സുബാഷ് ചന്ദ്രബോസ്. വാര്‍ത്തയറിഞ്ഞ് സുഭാഷിന്റെയടുത്ത് നിന്നും ലോട്ടറി വാങ്ങാന്‍ നിരവധി പേരാണ് എത്തുന്നത്.