ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മാസ്റ്റര്‍ ഒടിടി റിലീസിനില്ലെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചു. ചിത്രം തിയ്യറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്‍നിര ഒടിടി സര്‍വീസ് പ്രൊവൈഡര്‍ സമീപിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും എക്സ്ബി ഫിലിം ക്രിയറ്റേഴ്സ് അറിയിച്ചു.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രത്തില്‍ പ്രതിനായകനായി വിജയ് സേതുപതി എത്തുന്നുവെന്നതാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ടീസര്‍. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
കൈതിയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. നേരത്തെ തന്നെ റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് പശ്ചാത്തലത്തിലാണ് മാറ്റി വച്ചത്.
അതേസമയം, ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. വന്‍തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് അവകാശം സ്വന്തമാക്കിയതെന്ന് ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.