ന്യൂഡല്‍ഹി: വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വനിതകള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തിലേറിയ മോഡിയുടെ മോശം പ്രതിച്ഛായ മറികടക്കാനുള്ള തന്ത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വനിതാ നേതാവ് സുസ്മിത ദേവാണ് മോഡിക്കെതിരെ രംഗത്തെത്തിയത്.
മോഡിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാനുള്ള അവസരം ഉന്നാവ് കേസിലെ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് സുസ്മിത ദേവ് പറഞ്ഞു. ‘ഉന്നാവ് കേസിലെ ഇരയായ പെണ്‍കുട്ടിക്ക് നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരുടെ ആക്രമണങ്ങളെ അതിജീവിച്ച പെണ്‍കുട്ടിയാണ്. അവള് ധൈര്യവതിയാണ്. നിങ്ങളുടെ അക്കൗണ്ടിലൂടെ അനുഭവം പറയാന്‍ അവള്‍ക്കാണ് യോഗ്യത-സുസ്മതി ദേവ് പറഞ്ഞു.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് നരേന്ദ്ര മോഡി ഞായറാഴ്ച പറഞ്ഞിരുന്നു. പിന്നീട് നിലപാട് മാറ്റി മോഡി രംഗത്ത് വന്നിരുന്നു. വനിതാ ദിനമായ മാര്‍ച്ച് എട്ടിന് തന്റെ അക്കൗണ്ട് വനിതകള്‍ക്ക് നല്‍കുമെന്നാണ് മോഡി വ്യക്തമാക്കിയത്.