തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഈ കണ്ടുപിടിത്തം തികച്ചും വസ്തുതാവിരുദ്ധമാണെന്നും ഗവര്‍ണര്‍ ബിജെപി വക്താവായി അധഃപതിച്ചുവെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ.സി. ജോസഫ് എംഎല്‍എ വ്യക്തമാക്കി.
ചരിത്രം വളച്ചൊടിക്കാനാണ് ബിജെപിയെ പോലെ ഗവര്‍ണറും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ ബിജെപിയുടെ പിആര്‍ഒയെ പോലെ പ്രവര്‍ത്തിച്ചാല്‍ ഇത് ഉടന്‍ ഇല്ലാതാവുമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും പ്രതികരിച്ചു.
ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്റുവും നല്കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്നും പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്കിയ വാഗ്ദാനം ആയിരുന്നു പൗരത്വമെന്നുമായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.