ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങിയാണ് ബുദ്ധ വിഹാര്‍ സ്വദേശി മാനവ് ശര്‍മ്മ (28) എന്ന യുവാവ് മരണപ്പെട്ടത്.
സിവില്‍ എന്‍ജിനീയറായിരുന്നു മാനവ്. സഹോദരിമാര്‍ക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. പറന്ന് വന്ന് വീണ പട്ടത്തിന്റെ നൂല് കൊണ്ട് മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയി. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനു ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.
പട്ടത്തിന്റെ നൂല്, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മാനവ് ശര്‍മ്മയുടെ കഴുത്തില്‍ ചുറ്റുകയും തൊണ്ടയില്‍ അസാധാരണമായ വിധം മുറിവുണ്ടാക്കുകയും ചെയ്തു. ഉടനെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് ശര്‍മ്മ താഴേയ്ക്ക് വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ഐപിസി 304ാം വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.