ചെന്നൈ: ഒരു മനുഷ്യജന്മത്തില് ഏറിയാല്‍ രണ്ടുതവണ മാത്രം ലഭിക്കുന്ന ഭാഗ്യമാണ് കാഞ്ചിപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ അത്തിവരദര്‍ ദര്‍ശനം. ക്ഷേത്രത്തില്‍ ഇപ്പോള്‍ ദര്‍ശനം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വലിയരീതിയിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഈ ചരിത്രനിമിഷങ്ങളുടെ ഭാഗമാകാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുളത്തില്‍ നിക്ഷേപിച്ചിരിക്കുന്ന വിഗ്രഹം 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ക്ക് ഉയര്‍ത്തിക്കാണിക്കുന്നത്. മുന്‍പ് 1979ലായിരുന്നു അത്തിവരദരുടെ വിഗ്രഹം പുറത്തെടുത്ത് ദര്‍ശനോത്സവം നടന്നത്. ഇപ്പോള്‍ ജൂലായ് ഒന്നിനാണ് ക്ഷേത്രക്കുളമായ അനന്തസരസ് പുഷ്കരണി തീര്‍ത്ഥത്തില്‍ നിന്ന് വിഗ്രഹം ഉയര്‍ത്തിയത്.
നാല്പത്തെട്ടു ദിവസത്തെ ദര്‍ശനത്തിനു ശേഷം വെള്ളി കവചത്തില്‍ പൊതിഞ്ഞു ക്ഷേത്രക്കുളത്തില്‍ നിക്ഷേപിക്കും. പിന്നീട് 2059ല്‍ മാത്രമാണ് ദര്‍ശനം സാധ്യമാകുന്നത്. അതിനാല്‍ വിഗ്രഹം ദര്‍ശിക്കാന്‍ ഇതിനോടകം 34 ലക്ഷം വിശ്വാസികള്‍ ഇവിടെയെത്തി എന്നാണ് വിവരം. ഓഗസ്റ്റ് 17 വരെയാണ് ഭഗവാന്റെ ദര്‍ശനം സാധ്യമാകുക.