കൊച്ചി: ചൂണ്ടയിടുന്നതിനിടെ പുഴയിലിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു. ചൂണ്ടയില്‍ കൊരുത്ത മീനിനെ പിടിക്കുവാന്‍ യുവാവ് പുഴയില്‍ ചാടുകയായിരുന്നു. എരൂര്‍ അയനാറത്തറയില് പരേതനായ രഞ്ചന്റെ മകന് രബീഷ് (34) ആണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ ഡ്രൈവറാണ് രബീഷ.
എരൂര്‍ അറയ്ക്കടവ് പാലത്തിന് സമീപത്തായിരുന്നു അപകടം. ചൂണ്ടയില്‍ മീന്‍ കൊത്തിയിട്ടുണ്ടോ എന്നറിയാനായി ടങ്കീസില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് കാലികുപ്പി ദൂരേക്ക് ഒഴികിപ്പോകുന്നത് കണ്ട യുവാവ് ചൂണ്ടയുമായി പുഴയിലേക്ക് ചാടി മീനിനെ പിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ യുവാവ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.