ന്യൂഡല്‍ഹി; അസം പൗരത്വ രജിസ്ട്രി കരട് പട്ടികയില്‍ ലക്ഷക്കണക്കിന് നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.
അര്‍ഹരായ നിരവധി പേര് ഒഴിവാക്കപ്പെട്ടതായും, ഇത് തിരുത്തുന്നതിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കേണ്ട കാലാവധി നീട്ടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് അതിര്‍ത്തി ജില്ലകളിലാണ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ കരടില്‍ ഇടം പിടിച്ചത്. പ്രദേശിക ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണിത്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. ഇന്ത്യയെ ലോകത്തിലെ കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കി മാറ്റാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.
നിയമവിരുദ്ധ കുടിയേറ്റക്കാര്‍ കരടില്‍ ഇടം പിടിച്ചതിനാല്‍ ഈ ജില്ലകളില്‍ വീണ്ടും പരിശോധന നടത്തണമെന്നും പൗരത്വ രജിസ്ട്രേഷന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു.
ജൂലായ് 31-നകം പട്ടിക പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി നേരത്തെ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അസം സര്‍ക്കാരും സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.