ന്യൂഡല്‍ഹി: താമര രാജ്യത്തിന്റെ ദേശീയ പുഷ്പമല്ലെന്ന് കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥാ മന്ത്രാലയം. ഇതോടെ താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പമെന്ന കാലങ്ങളായുള്ള വാദത്തിന് അവസാനമായിരിക്കുയാണ്. കടുവയെ ദേശീയമൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പൂവിനെയും ഇതുവരെ രാജ്യത്തിന്റെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഐശ്വര്യ പരാശര വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയെന്നോണമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റിലടക്കം താമര ദേശീയ പുഷ്പമാണെന്ന പരാമര്‍ശമുള്ളപ്പോഴാണ് ഇത്തരമൊരു സംശയവുമായി ഐശ്വര്യ രംഗത്തെത്തിയത്.
രാജ്യത്തെ ദേശീയ പുഷ്പം എന്ന രീതിയില്‍ ഒരു പുഷ്പത്തെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കടുവയെ ദേശീയമൃഗമായും മയിലിനെ ദേശീയ പക്ഷിയായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥാ മന്ത്രാലയം വ്യക്തമാക്കി. ചില പാഠപുസ്തകങ്ങളിലും മാപ്സ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വെബ്സൈറ്റുകളിലും ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണെന്ന തരത്തില്‍ പരാമര്‍ശമുണ്ട്.