ജയ്പൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഐപിഎസ് ഓഫീസറായ യുവാവ് പോലീസ് പിടിയില്‍. ഐഡി കാര്‍ഡിലും മറ്റും അക്ഷരതെറ്റ് കണ്ടതിനെ തുടര്‍ന്നാണ് യുവാവിന്റെ കള്ളത്തരം പുറത്ത് വന്നത്.
അഭയ് മീണയെന്ന 20കാരനാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വ്യാജ രേഖയില്‍ ഐപിഎസ് ഓഫീസറായത്.
യുവാവ് പ്ലസ്ടു തോറ്റശേഷം പഠിപ്പ് നിര്‍ത്തിയതായിരുന്നു. എന്നാല്‍ പിന്നീട് വ്യാജ സര്‍ട്ടിഫക്കറ്റ് ഉണ്ടാക്കി ഐപിഎസിലേക്ക് എത്തി. ഐഐടി പ്രവേശന പരീക്ഷയും യുപിഎസ്സി പരീക്ഷയും എങ്ങനെ വിജയിക്കാമെന്നു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്ന പ്രചോദനാത്മക പ്രഭാഷകനായിരുന്നു അദ്ദേഹം. പരിശീലന പരിപാടികളില്‍ പോലീസുകാര്‍ക്കു മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഈ വ്യാജ ‘ഐപിഎസുകാരന്’ സമ്മാനിച്ചിട്ടുണ്ട്.
ഇത്ര ചെറുപ്പത്തിലേ ഐപിഎസ് കിട്ടുമോയെന്ന സംശയം ഒരാള്‍ ഉന്നയിച്ചപ്പോഴാണ് അഭയ് തന്റെ ഐഡി കാര്‍ഡ് നീട്ടിയത്. ഡല്‍ഹി കേഡറില്‍ ക്രൈം ബ്രാഞ്ച് എസിപിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. അഭയ് മീണയുടെ വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം, പിന്നീടായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.