ന്യൂഡല്‍ഹി: ഗാന്ധിജിയെ അപമാനിച്ച പ്രജ്ഞാ സിംഗിനോട് പൊറുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രജ്ഞാ സിംഗിന് മാപ്പു നല്‍കാനാവില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. പ്രജ്ഞാ സിംഗിന്റെ പരാമര്‍ശനത്തിന് എതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രജ്ഞയെ തള്ളി മോഡി രംഗത്ത് എത്തിയിരിക്കുന്നത്.
ഗോഡ്സെയാണ് യഥാര്‍ത്ഥ രാജ്യസ്നേഹി. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നുമായിരുന്നു ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ പ്രജ്ഞയെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നിരുന്നു. പരാമര്‍ശം വ്യക്തി പരമാണെന്നും പാര്‍ട്ടി അഭിപ്രായം അല്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. പരാമര്‍ശത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പ്രസ്താവനയില്‍ പ്രജ്ഞാ സിംഗ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയായ അനന്ദ് കുമാര്‍ ഹെഗ്ഡെയും കര്‍ണ്ണാടക ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലും ഇതേ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് സംഭവം വിവാദമായതോടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന ന്യായികരണവുമായി നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.