ന്യൂഡല്‍ഹി; മഹാത്മാ ഗാന്ധിയുടെ ഘാതകന് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് റാക്കൂറിന്റെ പരമാര്‍ശത്തെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ വ്യക്തിപരമായ അഭിപ്രായമാണ് അതെന്നും പാര്‍ട്ടി അഭിപ്രായമല്ലെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെയും ,അനന്ദ് കുമാര്‍ ഹെഗ്ഡെയുടെയും ,നളിന്‍ കുമാര്‍ കട്ടീലിന്റെയും, ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രസ്താവന അവരുടെ വ്യക്തി പരമായ അഭിപ്രായമാണ്. അതില്‍ അവര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. അവ പാര്‍ട്ടിയുടെ അഭിപ്രായമല്ല- അമിത് ഷാ പറഞ്ഞു. ഈ പ്രസ്താവനകള്‍ ബിജെപി ഡിസിപ്ലിനറി കമ്മറ്റി പരിശോധിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി. പ്രജ്ഞായുടെ വാക്കുകള്‍ വിവാദമായതിന് പിന്നാലെയാണ് പ്രജ്ഞയെ തള്ളി അമിത് ഷാ രംഗത്ത് വന്നിരിക്കുന്നത്.
ഗോഡ്സെ രാജ്യസ്നേഹിയാണെന്നും ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് ജനം മറുപടി കൊടുക്കുമെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. ഗോഡ്സേ ഹിന്ദു തീവ്രവാദിയാണെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ പരാമര്‍ശത്തിനാണ് പ്രജ്ഞാ ഠാക്കൂറിന്റെ മറുപടി.
പിന്നാലെ പ്രജ്ഞയെ പിന്തുണച്ച് കേന്ദ്രമന്ത്രി അനന്ദ് ഹെഗ്ഡെയും കര്‍ണാടകയിലെ ബിജെപി നളിന്‍ കുമാര്‍ കട്ടീലും രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു എന്നാണ് കേന്ദ്രമന്ത്രി നല്‍കിയിരിക്കുന്ന വിശദീകരണം.