ഭോപ്പാല്‍: യാതൊരു പ്രതിഫലവും വാങ്ങാതെ ക്ഷേത്രം പണിത് നല്കി ഇസ്ലാമായ അച്ഛനും മകനും. ഇറ്റാര്‍സി ജില്ലയിലെ കെസ്ലയിലാണ് സംഭവം. മുസ്ലീമായ പിതാവും മകനും ചേര്‍ന്ന് പ്രതിഫലമൊന്നും വാങ്ങാതെ നൂറു ദിവസം കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തിയില്‍ സന്തുഷ്ടയായ ക്ഷേത്ര ഉടമ ഒരേക്കര്‍ ഭൂമി സമ്മാനമായി നല്കി.
മുസ്ലീം മത വിശ്വാസികളായ റഹ്മാനും മകന് റിസ്വാനും ചേര്‍ന്നാണ് ക്ഷേത്രം നിര്‍മ്മിച്ച് നല്‍കിയത്. തന്റെ അമ്മയുടെ ആഗ്രഹപ്രകാരം സാവിത്രി ഉയ്കെ എന്ന സ്ത്രീയാണ് ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത്. ഇതിനായി കൊത്തുപണിയില്‍ വിദഗ്ധരായ റഹ്മാനെയും മകന് റിസ്വാനെയും സമീപിച്ചു.
എന്നാല്‍ മാതൃദിനത്തില്‍ തന്നെ ക്ഷേത്രം ഉദ്ഘാടനം ചെയ്യണമെന്ന നിബന്ധന സാവിത്രിയ്ക്കുണ്ടായിരുന്നു. ബുദ്ധിമുട്ട് ഏറെ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും റഹ്മാന് ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. മറ്റ് എല്ലാ ജോലികളും മാറ്റി നിര്‍ത്തി റഹ്മാനും റിസ്വാനും ക്ഷേത്രം പണിയില്‍ ശ്രദ്ധ കേന്ദരീകരിച്ചു. അവധിയൊന്നുമെടുക്കാതെ തുടര്‍ച്ചയായി 100 ദിവസമാണ് ഇരുവരും ജോലി ചെയ്തത്.
ക്ഷേത്രത്തിന്റെ പണിയെല്ലാം പൂര്‍ത്തിയായി മടങ്ങുമ്പോള്‍ ഉടമ വേതനത്തിന്റെ കാര്യം അറിയിച്ചപ്പോള്‍ ഇവര്‍ ഒന്നും വേണ്ടെന്ന് മറുപടി നല്‍കുകയായിരുന്നു. ഇത് കേട്ട് സാവിത്രി ഉയ്കെ അത്ഭുതപ്പെട്ടു. എന്നാല്‍ ജോലിയില്‍ സന്തോഷവതിയായ സാവിത്രി റഹ്മാനും റിസ്വാനും ഒരേക്കര്‍ സ്ഥലം സമ്മാനമായി നല്‍കുകയും ചെയ്തു. ശനിയാഴ്ച നടന്ന പ്രതിഷ്ഠാ ചടങ്ങിലും റഹ്മാനും റിസ്വാനും പങ്കെടുത്തു.