കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കരുനാഗപ്പള്ളി സ്വദേശിയായ നവാസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്നും ഇരുപത്തൊന്നായിരം രൂപയാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി ഫോണില്‍ മെസ്സേജ് വന്നതിനെ തുടര്‍ന്നാണ് തട്ടിപ്പു നടന്നതായി നവാസ് അറിയുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ എടിഎമ്മിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നതാകാമെന്നാണ് ബാങ്കിന്റെ വിശദീകരികരണം.
അക്കൗണ്ടിലെ പണം ഭോപ്പാലില്‍ നിന്നുമാണ് പിന്‍വലിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പണം പിന്‍വലിച്ചതായി നവാസിന് ഫോണില്‍ സന്ദേശം ലഭിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്നും ആദ്യം ഇരുപതിനായിരം രൂപയും പിന്നീട് ആയിരം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് നവാസ് പരാതിയുമായി ബാങ്കിനെ സമീപിക്കുകയായിരുന്നു.
ഗുജറാത്തിലെ ഭോപ്പാലിലുള്ള എടിഎമ്മില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പിന്നീട് നെറ്റ് ബാങ്കിംഗ് വഴി പരിശോധിച്ചപ്പോള്‍ വ്യക്തമായി. എന്നാല്‍ താന്‍ ആര്‍ക്കും എടിഎം കാര്‍ഡിന്റെ നമ്പറോ പിന് നമ്പറോ തുടങ്ങിയ വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്ന് നവാസ് പറയുന്നു. ചില ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡ് നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന് വാല്യു എന്നിവ നല്‍കേണ്ടതായി വരും.
ഇത്തരത്തിലുള്ള ഇടപാടുകളിലൂടെയാവാം എടിഎമ്മിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം. അതേസമയം എടിഎം കാര്‍ഡും പിന്‍കോഡും കൈമാറാത്ത സ്ഥിതിക്ക് പണം നഷ്ടപ്പെട്ടത് ബാങ്കിനെയും ആശങ്കയിലാക്കുന്നുണ്ട്. സംഭവത്തില്‍ പരാതിയുമായി നവാസ് പോലീസിനെയും സമീപിച്ചിട്ടുണ്ട്.