ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സോണിയ ഗാന്ധിയും സ്മൃതി ഇറാനിയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉത്തര്‍ പ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലാണ് സോണിയ മത്സരിക്കുന്നത്. ജനങ്ങള്‍ ഉറ്റുനോക്കുന്ന മണ്ഡലമായ അമേഠിയിലാണ് സ്മൃതി ഇറാനി സ്ഥാനാര്‍ത്ഥിയാവുന്നത്.
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം റായ്ബറേലിയില്‍ എത്തുന്ന സോണിയ റോഡ് ഷോ നടത്തിയതിന് ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. അഞ്ചാംതവണയാണ് സോണിയ ഇവിടെ സ്ഥാനാര്‍ത്ഥിയാവുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനിയും ഇന്ന് അമേഠി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയായി സമൃതി ഇറാനി എത്തുന്നതോടെ അമേഠി ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി മാറും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമാണ് സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ മുഖ്യ എതിരാളിയായി എത്തുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്.