ഗുരുവായൂര്‍: ക്ഷേത്രത്തിലെ കൂറ്റന്‍ മരത്തിന്റെ ചില്ലയില്‍ കാലുകള്‍ കുരുങ്ങി പിടഞ്ഞ കൊക്കിന് അഗ്നിരക്ഷാസേന രക്ഷകരായി. ചില്ലയില്‍ കുടുങ്ങിയ കൊക്കിനെ കാക്കകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ടായിരുന്നു. ആളുകള്‍ കാക്കകളെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തി കൊക്കിനെ രക്ഷിച്ചു.
വിനയായത് കൊക്കിന്റെ കാലില്‍ ചുറ്റിക്കിടന്ന നൂലാണ്. ജില്ലാ ഫയര്‍ ഓഫീസറുടെ പ്രത്യേക അനുമതിയോടെ അഗ്നിരക്ഷാസേനക്കാര്‍ ഏണിയുമായി എത്തിയാണ് കൊക്കിനെ രക്ഷിച്ചത്. ഗുരുവായൂര്‍ നഗരസഭയുടെയും ദേവസ്വത്തിന്റെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും സഹായത്തോടെ മരച്ചില്ല മുറിച്ചാണ് കൊക്കിനെ രക്ഷപ്പെടുത്തിയത്.
എന്നാല്‍ കാലിന് ചതവുപറ്റിയതിനാല് കൊക്കിന് പറക്കാന്‍ സാധിച്ചില്ല. കൊക്കിന്റെ കാലിലെ നൂല് മുറിച്ച് കളഞ്ഞ് വെള്ളം നല്കി വെറ്ററിനറി വിഭാഗത്തിന് കൈമാറി. ഇത് ‘കാലിമുണ്ടി’ വിഭാഗത്തില്‍പ്പെട്ട കൊക്കാണ്.