കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് പട്ടാമ്പി നഗരസഭയിലെ 17 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു അംഗങ്ങളെ അയോഗ്യരാക്കിയത്.
പട്ടാമ്പി നഗരസഭയിലെ 28 കൗണ്‍സിലര്‍മാരില്‍ 24 പേരെയായിരുന്നു അയോഗ്യരാക്കിയിരുന്നത്. അയോഗ്യത കല്‍പ്പിച്ച മറ്റ് ഏഴുപേരും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇലക്ഷന് കമ്മീഷന് നടപടിയെടുത്തത് സിപിഎം കൗണ്‍സിലര്‍ കെസി ഗിരീഷ് നല്കിയ പരാതിയിലായിരുന്നു. അഗങ്ങള്‍ കൂട്ടത്തോടെ അയോഗ്യരായതോടെ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരുന്നു.
ചട്ടപ്രകാരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളില്‍ സ്വത്തു വിവര കണക്ക് സമര്‍പ്പിക്കണം. എന്നാല്‍ ഇത് ലംഘിച്ചവരാണ് അയോഗ്യരായത്. കോണ്‍ഗ്രസ്സിന്റെ അഞ്ച് കൗണ്‍സിലര്‍മാരും ലീഗിലെ പത്ത് കൗണ്‍സിലര്‍മാരും എല്‍ഡിഎഫിലെ ആറ് കൗണ്‍സിലര്‍മാരും ബിജെപിയുടെ മൂന്ന് കൗണ്‍സിലര്‍മാരും ഉള്‍പ്പടെ ഇരുപത്തി നാലു പേരാണ് അയോഗ്യരായത്.