ന്യൂഡല്‍ഹി: ബ്രിട്ടിഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച സ്വാതന്ത്ര്യസമരസേനാനി പഴശ്ശി രാജയുടെ കര്‍മഭൂമിയാണ് വയനാടെന്ന് മോഡിക്കറിയുമോയെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഭൂരിപക്ഷ സമുദായത്തിന് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമുള്ള നാടാണു വയനാടെന്നത് മോഡിക്ക് അറിയുമോയെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. വിവാദപരാമര്‍ശത്തില്‍ മോഡി ദക്ഷിണേന്ത്യയോടു മാപ്പു പറയണമെന്നും പ്രധാനമന്ത്രി രാജ്യത്തിന്റെ മതേതരത്വത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എന്നും ഹിന്ദുക്കള്‍ക്ക് എതിരായിരുന്നു. സമാധാനാകാംക്ഷികളായ ഹിന്ദുക്കളെ അവര്‍ ഭീകരവാദികളായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഫലം കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുകയാണെന്നും ഭൂരിപക്ഷ സമുദായത്തിന് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലേക്ക് അവര്‍ ഒളിച്ചോടുകയാണെന്നുമാണ് നരേന്ദ്ര മോഡി പറഞ്ഞത്. വാര്‍ധയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോഡിയുടെ വിമര്‍ശനം.
ഹിന്ദുക്കള്‍ അല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലമാണു വയനാടെന്നത് ഒരു പക്ഷേ പ്രധാനമന്ത്രിക്കും ബിജെപിക്കും മോശമായി തോന്നാം. പഴശ്ശിരാജയുടെ വീരചരിത്രം പേറുന്ന വയനാടിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും മനസിലാക്കാതെ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയാണു മോഡിയുടേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ പൗരന്മാരെ വേര്‍തിരിച്ച് കാണുന്നത് തികച്ചും ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.