ന്യൂഡല്‍ഹി; ദക്ഷിണ ഇന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം നരേന്ദ്ര മോഡിയാണെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ്. ഇതുകൊണ്ടാണ് താന്‍ മത്സരിക്കണമെന്ന ആവശ്യം ദക്ഷിണ ഇന്ത്യയില്‍ നിന്ന് ഉയരുന്നതെന്ന് രാഹുല്‍ പറഞ്ഞു.
ഒരു ഹിന്ദി ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. അമേഠിയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായി തുടരും. എന്നാല്‍ ദക്ഷിണ ഇന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അതെസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്. സ്ഥാനാര്‍ത്ഥിയാകുമെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. രാഹുലിന്റെ സ്ഥാനാര്ത്ഥിതത്വത്തിന് എതിരെ എന്‍സിപി നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഗവണ്മെന്റ് രൂപീകരിക്കുന്നതിന് അത് ബുദ്ധിമുട്ടാകുമെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്. അതെസമയം രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന് തന്നെയാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.