വാഷിങ്ടണ്‍: വേനല്‍ കാലത്ത് എല്ലാവരും ഭയക്കുന്ന ഒന്നാണ് സൂര്യാതപം.
സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ നമ്മള് സണ്‍സ്ക്രീന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത്തരം ക്രീമുകള്‍ ഉപയോഗിച്ചാല്‍ അതിലെ സൂഷ്മ പദാര്‍ത്ഥം നമ്മുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ക്യൂന്സ്ലാന്റ് സര്‍വ്വകലാശാലയുടേയും, സൗത്ത് ആഫ്രിക്കന്‍ സര്‍വ്വകലാശാലയുടേയും ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്.
ജേര്‍ണല്‍ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ഡെര്‍മറ്റോളജിയുടെ പഠനത്തിലാണ് ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ലെന്ന് കണ്ടെത്തിയത്. സണ്സ്ക്രീനുകളിലുള്ള സിങ്ക് പദാര്‍ത്ഥം നമ്മുടെ ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യുകയും, ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചാല്‍ ഡിഎന്‍എയ്ക്ക് ദോഷമാകുമെന്നാണ് പറഞ്ഞിരുന്നത്.
2017ല്‍ ക്യാന്‍സര്‍ കൗണ്‍സില്‍ നടത്തിയ നാഷണല്‍ സണ്‍ പ്രൊട്ടക്ഷന്‍ സര്‍വ്വേയില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സണ്‍സ്ക്രീന്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരം എന്ന ധാരണയെ തുടര്‍ന്നായിരുന്നു ഈ കുറവ്.
തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ആറ് മണിക്കൂര്‍ ഇടവിട്ട് ഇരുപത്, മുപ്പത് വയസ്സുള്ള സന്നദ്ധപ്രവര്‍ത്തകരിലാണ് ആദ്യം ഈ പരീക്ഷണം നടത്തിയത്. എന്നാല്‍ അവരില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.