തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി കെകെ ഷൈലജ. ഇന്ന് മാത്രം സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് സൂര്യാഘാതമേറ്റതിലുള്ള ആശങ്കയെ തുടര്‍ന്നാണ് മന്ത്രി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
എപ്പോഴും വെള്ളം കരുതുകയും കുടിക്കുകയും ചെയ്യുക. ശരീരത്തിന് വളരെപ്പെട്ടന്നാണ് നിര്‍ജലീകരണം സംഭവിക്കുന്നതെന്നും ഇനിയുള്ള ദിവസങ്ങളില്‍ പെട്ടന്നൊന്നും ചൂട് കുറയാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഉഷ്ണക്കാറ്റ് ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിനെ സംബന്ധിച്ചുള്ള ആശങ്ക കനത്ത ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചാണ്. വെള്ളം ഇല്ലാതാവുമ്പോള്‍ ആളുകള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നെല്ലാം വെള്ളം കൊണ്ട് വരും. ശുദ്ധജലമല്ലെങ്കില്‍ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വരാം. ഇതിനുള്ള മുന്‍ കരുതലുകള്‍ കൂടി എടുക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.