കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ഇന്ന് വടകരയില്‍ അങ്കം കുറിക്കും. വടകര ഇത്തവണ തിരിച്ചുപിടിക്കാനുറച്ച പി ജയരാജനെ നേരിടാന്‍ ഒരുങ്ങുകയാണ് കെ മുരളീധരന്. രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന് ട്രെയിന്‍ മാര്‍ഗം വടകരയിലെത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
വടകരയില്‍ മുരളീധരനായി വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 4 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് പ്രചരണ പരിപാടികള്‍ ആരംഭിക്കുക. വടകര സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടര്‍ന്നിരുന്നു. പി ജയരാജനെതിരെ മത്സരിക്കാന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥി അല്ല വേണ്ടതെന്നും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്നും ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു.
ഇതോടെയാണ് കെ മുരളീധരനെ വടകരയില്‍ പരിഗണിച്ചത്. വടകരയില്‍ അങ്കത്തിന് ഇറങ്ങുന്നതിന് മുമ്പ് കെ മുരളീധരന് പാണക്കാട്ടെത്തി അനുഗ്രഹം തേടി. മുരളീധരന്റെ പോരാട്ടം വിജയിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ആശീര്‍വദിച്ചു. പികെ കുഞ്ഞാലിക്കുട്ടി എംപി, കെപിഎ മജീദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഹൈദരലി തങ്ങളുമായി മുരളീധരന് കൂടിക്കാഴ്ച നടത്തി. രാത്രി ഒന്‍പതരയോടെയാണ് മുരളീധരന് പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്ലെത്തിയത്.