തിരുവനന്തപുരം: കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതിജാഗ്രത പാലിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതര്‍ നിര്‍ദേശം നല്കി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയും തീവ്രവാദി ഭീഷണിയും മുന്‍നിര്‍ത്തിയാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവള ഡയറക്ടര്‍ സിവി രവീന്ദ്രന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം മുന്‍പ് വിമാനത്താവളത്തില്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു. വിമാനത്താവളത്തിന് അകത്തും പുറത്തും സുരക്ഷ ശക്തമാക്കനാണ് നിര്‍ദേശം. റണ്‍വേയടക്കമുള്ള എല്ലായിടത്തും കൂടുതല്‍ സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്.
മുഴുവന്‍ സമയവും ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ (ക്യൂആര്‍ടി) സേവനവും ഏര്‍പ്പെടുത്തി. മുഴുവന്‍ യാത്രക്കാരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി യാത്രക്കാര്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണം. ഇതിന് ആവശ്യമായ നടപടികള്‍ എയര്‍ലൈന്‍ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ബാഗുകള്‍ സിഐഎസ്എഫിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധിക്കും. തുടര്‍ന്ന് ഇവ വീണ്ടും എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാരെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ പ്രത്യേകം നിരീക്ഷിക്കും. വിമാന ഏജന്‍സികള്‍ അവരവരുടെ സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് എന്ന പരിശോധന നടത്തണമെന്നാണ് ബിസിഎഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.