കൊല്‍ക്കത്ത: ഗാന്ധിജിയെ കൊന്നവരില്‍ നിന്നും രാജ്യസ്നേഹത്തിന്റെ പാഠം ആവശ്യമില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെക്കാള്‍ രാജ്യത്തെ നശിപ്പിക്കുന്നത് മമത ബാനര്‍ജിയാണെന്ന് പറഞ്ഞ ബിജെപി നേതാവിന് മറുപടി പറയുകയായിരുന്നു മമത.
പുല്‍വാമയില്‍ എന്തുകൊണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിനായില്ല. എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം നടന്നു. എന്തുകൊണ്ട് അത് തടയാന്‍ കഴിഞ്ഞില്ല. പുല്‍വാമയില്‍ വീരമൃത്യവരിച്ച ധീരജവാന്മാരുടെ ജീവത്യാഗം പോലും ചിലര്‍ രാഷ്ട്രീയവല്കരിക്കുകയാണെും മമതാ ബാനര്‍ജി വിമര്‍ശിച്ചു. ജവാന്മാര് രാജ്യത്തിനു വേണ്ടിയാണ് ജീവന് വെടിഞ്ഞത്. അവര്‍ രാജ്യത്തെ സേവിക്കുകയായിരുന്നു. ജവാന്മാരുടെ ത്യാഗത്തെ ഉപയോഗിച്ച് ബിജെപിയെ ജയിക്കാന്‍ അനുവദിക്കരുതെന്നും മമതാ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിക്കും മോഡിക്കും എതിരാണെന്നും തങ്ങള്‍ക്ക് സമാധാനമാണ് വേണ്ടതെന്നും മമത വ്യക്തമാക്കി. ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളും പാകിസ്താനികളുമാക്കി മാറ്റുകയാണ്. തന്നെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും തന്റെ പിതാവ് സ്വാതന്ത്ര്യസമര പോരാളിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.