ന്യൂഡല്‍ഹി: പാകിസ്താന് കസ്റ്റഡിയില്‍ നിന്നും മോചിതനായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിംഗ് റിപ്പോര്‍ട്ട്.
വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയപ്പോഴോ പാകിസ്താനികളില്‍ നിന്നുള്ള മര്‍ദ്ദനത്തില്‍ നിന്നേറ്റ പരിക്കോ ആവാം ഇതെന്നാണ് കരുതുന്നത്. എന്നാല്‍ പാകിസ്താന്റെ കസ്റ്റഡിയില്‍ വച്ച് തനിക്ക് ശാരീരിക പീഡനങ്ങളൊന്നും ഏല്ക്കേണ്ടിവന്നില്ലെന്ന് അഭിനന്ദന് പറഞ്ഞിരുന്നു. അവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
അഭിനന്ദന്റെ ശരീരത്തില്‍ സ്കാനില്‍ രഹസ്യം ചോര്‍ത്തുന്ന ഉപകരണെമൊന്നും ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. പാകിസ്താനി ആശുപത്രിയില്‍ ആന്റിബയോട്ടിക് എന്ന പേരില്‍ മറ്റൊന്നും കുത്തിവച്ചില്ല എന്ന് ഉറപ്പിക്കാനുള്ള ടോക്സിക്കോളജി പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വാരിയെല്ലിനുള്ള പരിക്ക് സാരമുള്ളതല്ലെന്നും ഈ ആഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നുമാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
അതേസമയം, രണ്ടാഴ്ചത്തെ വിശ്രമം അഭിനന്ദിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാക് കസ്റ്റഡിയില്‍ നിന്നും മോചിതനായി വാഗ അതിര്‍ത്തി വഴി വെള്ളിയാഴ്ച രാത്രി ഇന്ത്യയിലെത്തിയ അഭിനന്ദന് ഡല്‍ഹി ആര്‍ആര്‍ ആശുപത്രിയില്‍ ആണ് ചികിത്സയില്‍ കഴിയുന്നത്.