കോതമംഗലം: ചുട്ടു പൊള്ളുന്ന വെയിലില്‍ നിന്നും തണുപ്പ് തേടി രാജവെമ്പാല എത്തിയത് വീട്ടിനുള്ളില്‍. ഉരുളന്‍തണ്ണിക്ക് സമീപം വലിയ ക്ണാച്ചേരി കൊളമ്പേക്കുടി ഷേര്‍ളിയുടെ വീട്ടിലെ കട്ടിലിനടിയിലായിരുന്നു രാജവെമ്പാല ഒളിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
എട്ട് അടിയോളം നീളമുള്ള രാജവെമ്പാല പുരയിടത്തിലൂടെ ഇഴഞ്ഞാണ് വീടിനുള്ളിലേക്ക് കയറിക്കൂടിയത്. ഇത് കണ്ട വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരും നാട്ടുകാരുമടക്കം നിരവധി പേരാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് അടുത്തുള്ള വനം വകുപ്പ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
കോതമംഗലത്ത് നിന്ന് ഫോറസ്റ്റ് വാച്ചറും പാമ്പ് പിടിത്തക്കാരനുമായ ഷൈനും വനപാലകരും സംഭവസ്ഥലത്തെത്തി. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ചുരുണ്ട് കിടക്കുന്ന രാജവെമ്പാലയെ ഷൈന്‍ കണ്ടു. പാമ്പിനെ ഷൈന്‍ കൈപ്പിടിയിലൊതുക്കി ചാക്കിലാക്കി. പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു.