തെന്മല: കാലാവസ്ഥാ മാറ്റവും കുരങ്ങുശല്യവും മലയോര കര്‍ഷകരെ വലയ്ക്കുന്നു. ദിനംപ്രതി ചൂട് വര്‍ധിച്ച് വരുന്നതും ഉത്പന്നങ്ങളുടെ വിലക്കുറവും കാരണം പലരും മാസങ്ങള്‍ക്കു മുന്‍പുതന്നെ റബ്ബര്‍ ടാപ്പിങ് നിര്‍ത്തിവെച്ചു. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്.
കാപ്പി, കുരുമുളക് തുടങ്ങിയ വിളകള്‍ യഥേഷ്ടം ഇവിടെ കൃഷി ചെയ്തിരുന്നു. എന്നാല്‍ കാലാവസ്ഥാമാറ്റം കാരണം കുരുമുളക് പലസമയത്തായാണ് വിളയുന്നത്. ഇത് അധികബാധ്യതയുണ്ടാക്കിയതായി കര്‍ഷകര്‍ പറയുന്നു.ഇതിന് പുറമെ കുരുമുളക് വന്‍തോതില്‍ കുരങ്ങുകള്‍ നശിപ്പിക്കുകയും ചെയ്യുന്നത് ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.
കിഴക്കന്‍ മേഖലയില്‍നിന്ന് ടണ്‍കണക്കിന് കശുവണ്ടി തമിഴ്നാട്ടിലേക്ക് കയറ്റിയയച്ചിരുന്നു. കശുമാവുതോട്ടത്തില് ഇടവിളയായി കാച്ചില്, ചേന, ചേമ്പ് മുതലായ കാര്‍ഷികവിളകള്‍ ചെയ്യാനും കിഴിഞ്ഞിരുന്നു. എന്നാല്‍, കുരങ്ങുകള്‍ വര്‍ധിച്ചതോടെ ഈ കൃഷികളെല്ലാം നിര്‍ത്തിവെച്ചു.
വാളന്‍പുളി ഇത്തവണയും യഥേഷ്ടം പിടിച്ചിരുന്നെങ്കിലും കുരങ്ങുകള്‍ നശിപ്പിച്ചതിനാല്‍ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. പുളിയറ ഉള്‍പ്പെടെയുള്ള ഭാഗത്ത് വാളന്‍പുളിയുടെ വിളവ് നന്നായി ലഭിച്ചെങ്കിലും കേരളത്തിലും തമിഴ്നാട്ടിലും ഒരേവിലതന്നെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
കാപ്പി, കുരുമുളക്, കശുവണ്ടി തുടങ്ങി നിരവധി കൃഷിയിലൂടെ ഇവിടുത്തെ കര്‍ഷകര്‍ ഒരുകാലത്ത് വന്‍ ലാഭം കൊയ്തിരുന്നു. പിന്നീട് വന്യമൃഗ ശല്യത്തോടൊപ്പം കുരങ്ങു ശല്യവും രൂക്ഷമായതോടെ പലരും റബ്ബര്‍ കൃഷിയിലേക്ക് വഴിമാറി. എന്നാല്‍ ചൂടുകൂടിയതോടെ റബ്ബര്‍ ടാപ്പിങും നിര്‍ത്തിവെച്ച സ്ഥിതിയിലാണ്.