ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളിലെ തട്ടിപ്പ് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. പമ്പുകളിലെ പ്രവര്‍ത്തനത്തില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ അമിത് സാഹ്നി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണിത്.
ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിനും പെട്രോളിയം മന്ത്രാലയത്തിനും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പെട്രോള്‍ പമ്പുകളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് പെട്രാളിന്റെ അളവില്‍ തട്ടിപ്പ് നടത്തുന്നത് പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ക്രിത്രിമ ചിപ്പുകള്‍ ഘടിപ്പിക്കുന്നതിലൂടെ ഒരു ലിറ്റര്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ അമ്പത് മില്ലി ലിറ്റര്‍ മുതല്‍ നൂറ് മില്ലിവരെ കുറവുവരുത്താന്‍ സാധിക്കുമെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നു. പതിനായിരം രൂപ മുതലാണ് ഇത്തരം കൃത്രിമ ചിപ്പുകള്‍ക്ക് വില ഈടാക്കുന്നത്. ഇത്തരത്തില്‍ കൃത്രിമം നടത്തുന്നതിനായി മൈക്രോചിപ്പുകള്‍ നിര്‍മ്മിച്ചു നല്‍കുന്നവരെ മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിടികൂടിയിരുന്നു.
പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അനിയന്ത്രിത കൊള്ള പരമാവധി വാര്‍ത്തകളില്‍ ഒതുങ്ങുന്നതാണ് പതിവെന്നും എന്നാല്‍ ഈ കൊള്ളയ്ക്കെതിരേ മിന്നല്‍ പരിശോധന നടത്താന്‍ പെട്രാളിയം മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
കൂടാതെ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന കറുത്ത പൈപ്പിന് പകരം ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ കടന്നുപോകുന്നത് കാണാന്‍ സാധിക്കുന്ന സുതാര്യമായ പൈപ്പ് ഉപയോഗിക്കണമെന്നും നിശ്ചിത അളവിലുള്ള ഇന്ധനം ആദ്യം സുതാര്യമായ പാത്രത്തിലേക്ക് മാറ്റിയശേഷം വാഹനത്തില്‍ നിറയ്ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാരനായ സാഹ്നി ആവശ്യപ്പെടുന്നു.