ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു. കോണ്‍ഗ്രസ് കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ വിട്ടുനിന്നിരുന്നു. ഇവര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസയച്ചു. ഇവര്‍ രാജിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇന്നലെയും ഇരുവരും വെളിച്ചത്തു വന്നിട്ടില്ല.
കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ നടപടിയെടുക്കുകയോ ഇവര്‍ രാജിവയ്ക്കുകയോ ചെയ്താല്‍ അവസാന ശ്രമമെന്ന നിലയില്‍ കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പിക്കാനും തുടര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവരാനും ബിജെപി ശ്രമിച്ചുകൂടെന്നില്ല. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ക്കു പുറമേ 11 പേരെയെങ്കിലും കൂടി മറുകണ്ടം ചാടിക്കാനാകണം. ഈ നീക്കം വിലപ്പോവില്ലെന്ന ആത്മവിശ്വാസത്തിലാണു കോണ്‍ഗ്രസ് ഇപ്പോള്‍.
അതിനിടെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബിഎസ് യെഡിയൂരപ്പ അട്ടിമറിക്ക് ഇല്ലെന്നു പ്രതികരിച്ച് ഹരിയാന റിസോര്‍ട്ടില്‍ നിന്നു പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുവിളിച്ചെന്നുമാണഅ വിവരം.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഓരോരുത്തരുമായും ഇന്നു സ്വകാര്യ ചര്‍ച്ച നടത്തും. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിഡദിയിലെ ഈഗിള്‍ടണ്‍, വണ്ടര്‍ലാ റിസോര്‍ട്ടുകളില്‍ തുടരുകയാണ്.