ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി സിലബസില്‍ 15 ശതമാനത്തോളം കുറവ് വരുത്തി സ്കൂള്‍ കുട്ടികള്‍ക്ക് പഠനഭാരം കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വരുന്ന അധ്യയന വര്‍ഷം മുതല്‍ സിലബസില്‍ മാറ്റം വരുത്താനാണ് മാനവ വിഭവശേഷി വകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
നിലവിലെ സിലബസ് പ്രകാരം കുട്ടികള്‍ക്ക് മേല്‍ അമിത പഠനഭാരം അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്ന് വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അമിതമായി ചുമത്തപ്പെട്ട പാഠഭാഗങ്ങളില്‍ 50 ശതമാനമെങ്കിലും കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതായി ഇറങ്ങുന്ന സിലബസില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനും ബോധവത്കരണ ക്ലാസുകള്‍ക്കും പുറമേ പ്രവര്‍ത്തനപരിചയ ക്ലാസുകള്‍ക്കും സമയം കണ്ടെത്തും.
സിലബസിലെ മാറ്റങ്ങള്‍ കൂടാതെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ അച്ചടിയും വര്‍ധിപ്പിക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആറ് കോടി പുസ്തകങ്ങളാണ് ഇതുവരെ അച്ചടിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ആവശ്യത്തിന് വിതരണം ചെയ്യുന്നതിനായി ഇത് എട്ട് കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.