ഹൈദരാബാദ്: ക്ഷേത്രത്തില്‍ ജീന്‍സ് ഉള്‍പ്പടെയുള്ള വേഷങ്ങള്‍ക്ക് വിലക്ക്. ആന്ധ്രപ്രദേശിലെ ശ്രീ ദുര്‍ഗ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലാണ് ഇത്തരം വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ഹൈന്ദവ സംസ്കാരത്തിന് ചേരുന്ന വേഷമല്ലെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനുവരി ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. സ്ത്രീകള്‍ സാരിയും പുരുഷന്മാര് മറ്റ് പരമ്പരാഗത വസ്ത്രങ്ങളും ധരിച്ചാല്‍ മാത്രമേ ഇനി ഈ അമ്പലത്തില്‍ പ്രവേശിപ്പിക്കൂവെന്ന്് അധികൃതര്‍ പറയുന്നു. ഷോര്‍ട്ട്സ് ധരിച്ചെത്തുന്ന പുരുഷന്മാരെയും സ്കര്‍ട്ട് ധരിച്ചെത്തുന്ന സ്ത്രീകളേയും ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്.
ഹിന്ദു സംസ്കാരം കൊണ്ടുവരുന്നതിന്റേയും ക്ഷേത്രാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഭാഗമായിട്ടാണ് നടപടി. ജീന്‍സും ഷര്‍ട്ടും പാശ്ചാത്യ വേഷങ്ങളാണെന്നും അതിനാല്‍ ഹിന്ദു സംസ്കാരം സംരക്ഷിക്കാന്‍ സാരി ഉടുക്കണമെന്നുമാണ് അധികൃതര്‍ പറയുന്നത്. അമ്പലത്തില്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ദൂരസ്ഥലങ്ങളില്‍ നിന്നും ഇവിടേയക്ക് എത്തുന്നവര്‍ക്ക് വസ്ത്രം മാറാനായി ചെയ്ഞ്ചിങ് റൂമുകളും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം 100 രൂപയ്ക്ക് സാരി ലഭ്യമാക്കാനും അധികൃതര്‍ ചിന്തിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയമത്തിനെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.