പാരിസ്: ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ കടുത്ത പ്രക്ഷോഭം തുടരുന്നു. സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ ഇന്ധനവില കുറക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. റോഡ് ഉപരോധിച്ചാണ് പ്രതിഷേധം.
സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ഗതാഗത മന്ത്രി അനിക് ഹിയാവ് സമരക്കാര്‍ക്കിടയില്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തി . പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്നും അവര്‍ ഉറപ്പും നല്കി. സമരക്കാരുമായി മന്ത്രി നടത്തിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ലാഹിനിയയില്‍ മാത്രം ഇരുപതിടങ്ങളിലാണ് സമരക്കാര്‍ റോഡ് ഉപരോധിച്ചത്.
എന്നാല്‍ ഇന്ധനവില കുറക്കുന്നതു വരെ സമരം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഈ മാസം 17നാണ് ഇന്ധനവില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം തുടങ്ങിയത്. ആദ്യ ദിനം തന്നെ മൂന്ന് ലക്ഷത്തോളം പേരാണ് സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്തത്.