കായംകുളം: വിനോദയാത്രയ്ക്ക പോയ സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 14 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ 11 പേര് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
അഞ്ച് ബസുകളിലായാണ് സ്കൂളില്‍ നിന്ന് വിനോദയാത്ര പുറപ്പെട്ടത്. ഇതില്‍ ഒരു ബസാണ് അജന്ത ജങ്ഷനു സമീപം ഇരുപതടി താഴ്ചയിലേക്കു മറിഞ്ഞത്. ബസില്‍ അന്‍പതോളം പേരുണ്ടായിരുന്നു. ഏറ്റവും മുന്നില്‍ പോയ ബസാണു മറിഞ്ഞത്.പുല്ലു നിറഞ്ഞ ചതുപ്പിലേക്ക് മറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. 19നു രാത്രി യാത്ര പുറപ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം തൃശൂരിലെ തീം പാര്‍ക്കില്‍ പോയി തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു.
പ്ലസ് ടു വിദ്യാര്‍ത്ഥികളായ സെര്വിന്, ഒല്‍വിന്‍, അനന്തു, ദേവദത്ത്, മിഥുന്, കാര്‍ത്തി ക്, അല്വിരന്, മുഹമ്മദ് അഫ്സല്, റോഹിന്, ദേവദേവന്, അഖില്‍, അധ്യാപകന് ബിജു ഡൊണാള്‍ഡി, ബസ് ജീവനക്കാരായ തിരുമല അയനിവിള പുത്തന്‍ വീട്ടില്‍ സന്തോഷ്, ആദര്‍ശ് എന്നിവര്‍ക്കാണു പരിക്കേറ്റത്.
പോലീസും അഗ്നിശമനസേനയും സമീപവാസികളുടെ സഹായത്തോടെ ബസിലുള്ളവരെ പുറത്തെത്തിച്ചു. പരുക്കേറ്റവര്‍ക്കു പ്രാഥമികശുശ്രൂഷ നല്കി. പുലര്‍ച്ചെ അഞ്ചോടെ കുട്ടികളും അധ്യാപകരും മറ്റു ബസുകളില്‍ യാത്ര തുടര്‍ന്നു. ക്രെയിന്‍ വരുത്തി ബസ് ഉയര്‍ത്തി റോഡരികിലേക്കു മാറ്റി.