ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികളില്‍ അവകാശികളില്ലാതെ 15000 കോടി രൂപ. പെന്ഷന് പദ്ധതികളില്‍ നിക്ഷേപിച്ച തുകയാണ് നിക്ഷേപകര്‍ക്ക് അവകാശപ്പെടാനാവാതെ കിടക്കുന്നത്. സാങ്കേതികതടസ്സങ്ങളെ തുടര്‍ന്ന് തടഞ്ഞുവച്ച മൊത്തം തുകയും നിക്ഷേപകര്‍ക്കോ അവകാശികള്‍ക്കോ കൈമാറണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദേശിച്ചു.
നിക്ഷേപകര്‍ മരിക്കുന്നതും നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ച തുക വാര്‍ഷിക പെന്ഷന് നല്കാന് പര്യാപ്തമല്ലാതെ വരുന്നതുമാണ് പ്രധാനപ്രശ്നം. മറ്റ് ചില ഇന്‍ഷുറന്‍സ് പദ്ധതികളിലും അവകാശികളില്ലാത്ത വന്തുകയുണ്ട്. കണക്കുപ്രകാരം മാര്‍ച്ച് 31 വരെ 23 ഇന്‍ഷുറന്‍സ് കമ്പനികളിലായി 15,166 കോടി രൂപയാണ് അവകാശികളില്ലാതെയുള്ളത്.
ഇതില്‍ 10,509 കോടി എല്‍ഐസിയിലും ബാക്കി സ്വകാര്യ കമ്പനികളിലുമാണ്. പോളിസി നമ്പര്‍ ഉപയോഗിച്ച് നിക്ഷേപം കണ്ടെത്താന്‍ കമ്പനികള്‍ വെബ്സൈറ്റുകളില്‍ വഴിയൊരുക്കണമെന്ന് ഐആര്‍ഡിഎഐ നിര്‍ദേശിച്ചിരുന്നു.