ജലന്ധര്‍: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താനുള്ള പണം ജലന്ധര്‍ രൂപത നല്‍കില്ലെന്ന് രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ്. കേരളത്തിലുള്ള ഫ്രാങ്കോയുടെ കുടുംബമാണ് പണം നല്‍കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളൊന്നും ഫ്രാങ്കോ മുളയ്ക്കലോ പരാതിക്കാരിയായ കന്യാസ്ത്രീയോ നല്‍കിയിട്ടില്ല.
ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന് ഫിലിപ്പ് മുളയ്ക്കലാണ് കേസ് നടത്തിപ്പിനുള്ള പണം ചിലവാക്കുന്നതെന്ന് രൂപതാ വക്താവ് ഫാ. പീറ്റര്‍ കാവുംപുറം പറഞ്ഞു. കേരളത്തിലേക്ക് ഫ്രാങ്കോ മുളയ്ക്കല്‍ നടത്തിയ ആദ്യ നാല് യാത്രകള്‍ക്കുള്ള വിമാന ടിക്കറ്റിന്റെ പണം മാത്രമാണ് രൂപത നല്‍കിയത്. അതിനുശേഷം പണമൊന്നും നല്‍കിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോയുമായുള്ള ഭിന്നത സംബന്ധിച്ച പരാതികള്‍ പല വൈദികരും അറിയിച്ചിട്ടുണ്ടെന്ന് ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ് പറഞ്ഞു.
പരാതി ഉന്നയിച്ച വൈദികരുമായി ചര്‍ച്ച നത്തുമെന്നും ആവശ്യമെങ്കില്‍ രൂപതയുമായ ബന്ധപ്പെട്ട സമിതികളിലും കമ്മീഷനുകളിലും മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ എല്ലാ നടപടിക്രമങ്ങളും സുതാര്യമാവണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.