ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പൊക്കമുള്ള ചൈനയുടെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളി തലയുയര്‍ത്തി ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ പ്രതിമ അനാച്ഛാദനത്തിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങളും കര്‍ഷകരും വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിമ നിര്‍മ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങളുടെ ആരോപണം.