കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം നേടി ഇറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരായി. ഫ്രാങ്കോ മുളയ്ക്കലിന്റെ സെക്രട്ടറി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഹാജരാക്കിയിട്ടില്ല. അടുത്ത മാസം അഞ്ചിനകം കംപ്യൂട്ടര്‍ ഹാജരാക്കണമെന്നും ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.
ബലാത്സംഗകേസില്‍ ജാമ്യം നേടിയ ഫ്രാങ്കോ മുളയ്ക്കല്‍ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതാണ് ഹൈക്കോടതിയുടെ ഉപാധി. കേരളത്തില്‍ താമസിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ജലന്ധറിലേക്കാണ് ജയില്‍മോചിതനായ ഫ്രാങ്കോ മുളയക്കല്‍ പോയത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഈ മാസം 16നാണ് പാലാ സബ് ജയിലില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കല്‍ പുറത്തിറങ്ങിയത്.