തിരുവനന്തപുരം: സരിത എസ് നായരുടെ പരാതിയില്‍ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ കെ സി വേണുഗോപാല്‍. കേസ് നിയമപരമായി നേരിടുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
സരിത എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ സി വേണുഗോപാലിനെതിരെയും കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്. പ്രകൃതി വിരുദ്ധ പീഡനമടക്കമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതിയില്‍ വച്ചാണെന്നും സരിതയുടെ പരാതിയിലുണ്ട്. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മുന്‍മന്ത്രി എപി അനില്‍കുമാറിന്റെ വസതിയായ റോസ് ഹൗസില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയില്‍ വച്ച് കെ സി വേണുഗോപാല്‍ തന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചെന്നും സരിത മൊഴി നല്‍കിയതായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗികവസതികളില്‍ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പുതിയ കേസുകള്‍ വന്നേയ്ക്കുമെന്നും സൂചനയുണ്ട്.