ന്യൂഡല്‍ഹി: അഭിഭാഷകരുടെ സമരം വിലക്കുന്ന 16 വര്‍ഷം പഴക്കമുള്ള വിധി റദ്ദാക്കുന്നതിനോടു വിയോജിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ കുമാര്‍ മിശ്രയാണ് ചീഫ് ജസ്റ്റീസിനെ ആദരിക്കുന്ന ചടങ്ങില്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പിന്നാലെ തന്നെ ചീഫ് ജസ്റ്റീസ് ഈ നിര്‍ദേശത്തോടു വിയോജിക്കുകയായിരുന്നു. ഇപ്പോള്‍ സമരത്തിന്റെ ആവശ്യമെന്താണെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.
സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്രയും ചീഫ് ജസ്റ്റീസിന്റെ കാഴ്ചപ്പാടിനോടു യോജിച്ചു. അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശ നിഷേധത്തിനും ഇടയാക്കുമെന്ന് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു.
ജനാധിപത്യം അപകടത്തിലാകുക, നീതിന്യായ വ്യവസ്ഥയെ രക്ഷിക്കുക തുടങ്ങി അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ അഭിഭാഷകര്‍ സമരം ചെയ്യുന്നതിനെ താന്‍ അനുകൂലിക്കുകയുള്ളുവെന്നും മറിച്ചുള്ള സന്ദര്‍ശഭങ്ങളില്‍ സമരം ചെയ്യാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും അരുണ്‍ മിശ്ര പറഞ്ഞു.
അഭിഭാഷകര്‍ സമരം ചെയ്യുന്നതും കോടതി ബഹിഷ്കരിക്കുന്നതും സൂചനാ പണിമുടക്ക് നടത്തുന്നതും വിലക്കി 2002ലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധി പുനപരിശോധിക്കണമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ ആവശ്യം.