ബഹ്റൈച്ച്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന ശുചിത്ര പരിപാടിയ്ക്കിടെ പൊട്ടിതെറിച്ച് ബിജെപി എംപി സാവിത്രി ഭായ് ഫൂലെ. ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം ചൂല് പിടിച്ച് തനിയ്ക്കാവില്ലെന്നും ബിജെപിയുടെ പബ്ലിസിറ്റി സ്റ്റണ്ടില്‍ ഒരാളാകാന്‍ തന്നെ കിട്ടില്ലെന്നും സാവിത്രി ഭായ് തുറന്നടിച്ചു.
സംവരണത്തിനും ഭരണഘടനയ്ക്കും എതിരെ നില്ക്കുന്നവര് തന്നെ മാലിന്യങ്ങള്‍ തുടച്ചുനീക്കട്ടെയെന്നും എംപി കൂട്ടിച്ചേര്‍ത്തു. ബഹുജന്‍ സമാജിന്റെ ഒരു പ്രവര്‍ത്തകരും ഈ ചൂല് പിടിക്കില്ല. ബിജെപിയുടെ ശുചിത്വ പരിപാടിയുടെ ഭാഗമാകുകയുമില്ല. ബഹുജന്‍ സമാജിലുള്ളവര് പിന്നോക്ക വിഭാഗക്കാരാണ് പാവപ്പെട്ട മുസ്ലീങ്ങളാണ്. അവര്‍ക്ക് വേണ്ടത് തൊഴിലും സുരക്ഷിതത്വവും സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന ബഹുമാനവുമാണ്.
ബിജെപിയുടെ ഈ ശുചിത്വ നാടകമല്ലൊം രാജ്യത്ത് ഇപ്പോള്‍ കത്തിക്കൊണ്ടുനില്ക്കുന്ന പല വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും അവര്‍ തുറന്നടിച്ചു. ഒരു ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജില്ലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ചിലരുണ്ട്. എന്നും അത് ചെയ്യുന്നവര്‍, അവര്‍ തന്നെ ഇന്നും ചെയ്യും.
സര്‍ക്കാര്‍ ചില ഉദ്യോഗസ്ഥരെയൊക്കെ ഇന്ന് ശുചിത്വപരിപാടിയില്‍ പങ്കെടുപ്പിക്കുന്നുണ്ട്. അവിടെ എന്റെ ആവശ്യം എന്താണ്? സംവരണ സീറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ച എംപിയാണ് ഞാന്‍. ഞാന്‍ ഒരു ചൂല് പിടിച്ച് ഫോട്ടോ എടുത്താല്‍ ആ സ്ഥലം വൃത്തിയാകുമോ? സാവിത്രി ഭായ് ചോദിക്കുന്നു. അധികാരത്തില്‍ ഇരിക്കുന്നവരുടെ മനസാണ് ആദ്യം നന്നാവേണ്ടതെന്നും അവര്‍ വ്യക്തമാക്കി.