തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പത്താംതരം പാഠങ്ങള്‍ പകര്‍ന്ന് നല്കാന് ‘സമ’ പദ്ധതി ഒരുങ്ങുന്നു. സാക്ഷരതാ അധ്യാപകരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍കരെ പാഠം പഠിപ്പിക്കുന്നത്. കുടുംബശ്രീയും സാക്ഷരതാമിഷനും സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്.
പ്രാഥമിക വിവരശേഖരണത്തില്‍ നിരവധി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വിവിധ കാരണങ്ങളാല്‍ പത്താംതരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംതരം യോഗ്യത നേടാന്‍ കഴിയാതെ പോയവര്‍ക്ക് അതിന് അവസരമൊരുക്കി ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാന്‍ ‘സമ’ തയ്യാറാക്കിയത്. ഇതിലൂടെ ഇവരുടെ ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമാകും. പത്താംതരം വിജയിച്ചാല്‍ ഇവര്‍ക്ക് ഉന്നതപഠനത്തിനുള്ള അവസരം ഒരുങ്ങും.
ഒരു വാര്‍ഡില്‍ 30 പഠിതാക്കളുണ്ടെങ്കില് വാര്‍ഡടിസ്ഥാനത്തില്‍ വനിതകള്‍ക്കുമാത്രം പ്രത്യേകം ക്ലാസ്സ് നടത്തും. ഇത്രയും പേരില്ലെങ്കില്‍ മിഷന്റെ പൊതുവായുള്ള ക്ലാസ്സില്‍ ഇവരെ ചേര്‍ക്കും. പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ അധ്യാപകരെ ആവശ്യമെങ്കില്‍ മിഷന് നിയോഗിക്കും. ഒഴിവ് ദിനത്തിലായിരിക്കും ക്ലാസ്സ്. പത്താംതരം പൂര്‍ത്തിയാക്കാത്തവരുടെ വിവരശേഖരണം മുഴുവന്‍ ജില്ലകളിലും അവസാനഘട്ടത്തിലാണ്. സര്‍വേയിലൂടെ കണ്ടെത്തിയ മുഴുവന്‍ പേരെയും ക്ലാസ്സില്‍ എത്തിക്കാനാണ് കുടുംബശ്രീയുടെ തീരുമാനം. ജനുവരിയോടെ ക്ലാസ്സ് തുടങ്ങുമെന്നാണ് പ്രതീക്ഷ.