ആറന്മുള: പ്രളയാനന്തരം ചരിത്രത്തിലേയ്ക്ക് വാതില്‍ തുറന്ന് പമ്പാ തീരം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അത്യപൂര്‍വ്വമായ നിരവധി കളിമണ്‍ ശില്പങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിലും മാറ്റു കൂട്ടുന്നത് ആണ്-പെണ് ശില്പങ്ങള് ആണ് എന്നുള്ളതു കൂടിയാണ്. ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തില്‍ നദിയോടു ചേര്‍ന്ന ഭാഗത്താണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള രൂപങ്ങള്‍ കണ്ടെത്തിയത്.
നാഗങ്ങളുടെ മാതൃകയിലും ശില്പങ്ങള് ഉണ്ട്. കഴിഞ്ഞ ദിവസം നദീതീരത്ത് ചൂണ്ടയിടാന്‍ വന്ന യുവാക്കളാണ് തിട്ടയിടിഞ്ഞ ഭാഗത്ത് ശില്പരൂപങ്ങളുടെ ശേഖരം കണ്ടെത്തിയത്. മണ്ണ് നീക്കി ശേഖരിക്കാവുന്നവ എടുത്ത് സുരക്ഷിതമായി കരയിലേക്ക് അവര്‍ എത്തിച്ചു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ചെല്ലിമലയില്‍ സുകുമാരനെ ഇത് കാട്ടിക്കൊടുക്കുകയും അദ്ദേഹം അധികൃതരെ അറിയിക്കുകയുമായിരുന്നു. ഇവിടം ഖനനം ചെയ്ത് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍.
പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോഴാണ് ആ കണ്കുളിര്പ്പിക്കുന്ന കാഴ്ച ജനത്തിന് കാണാനായത്. എസ്ഐ ജിബു ജോണിന്റെ നേതൃത്വത്തില്‍ ശില്പങ്ങള്ക്ക് പോലീസ് സംരക്ഷണം നല്കി. ശേഷം ശില്പങ്ങള് വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് മാറ്റി. 10ാം നൂറ്റാണ്ടിനും 15ാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മ്മിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ചരിത്രപരമായ കാലപ്പഴക്കം അളന്നു തിട്ടപ്പെടുത്തിയ ശേഷം ശില്പരൂപങ്ങള് ആറന്മുളയില് തന്നെ മ്യൂസിയം തയാറാക്കി സൂക്ഷിക്കുവാനും ആലോചനയുണ്ട്. പ്രഥമദൃഷ്ട്യാ നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.