കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരെയും പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും ശശി തരൂര്‍ എംപിയുടെ സമീപകാലപരാമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ കടുത്ത നിലപാടിന് പിന്നിലെന്നാണ് സൂചന.
ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള് സുരക്ഷിതര്‍ പശുക്കളാണെന്ന ശശി തരൂരിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതില്‍ രാഹുല്‍ ഗാന്ധിക്കും അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത്തരം പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ക്ഷീണമാകും എന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.
നേരത്തെ 2019ല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു-പാകിസ്താന് എന്നാക്കുമെന്നും ഭരണഘടനയെ പൊളിച്ചെഴുതുമെന്നും തരൂര്‍ പറഞ്ഞിരുന്നു. വിവാദമായപ്പോഴും പരാമര്‍ശത്തില്‍ തരൂര്‍ ഉറച്ചുനിന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച് ആദ്മി’ എന്ന് വിളിച്ച മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യറിനെ രാഹുല്‍ ഗാന്ധി സസ്പെന്‍ഡ് ചെയ്തിരുന്നു. പരാമര്‍ശത്തില്‍ അയ്യര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.