ജിവന്ന്ദല: ‘ഈ വിവാഹം നടത്തരുത്. എനിക്ക് ഇനിയും പഠിക്കണം. എന്റെ രക്ഷിതാക്കളോട് ഒന്ന് സംസാരിക്കാമോ? സ്കൂള്‍ യൂണിഫോമില്‍ പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിക്ക് പറയാനുള്ളത് ഇതാണ്.
പോലീസുകാരനായ സുഭാഷ് ചന്ദ്രഘോഷ് എന്ന ഉദ്യോഗസ്ഥനോടാണ് പെണ്‍കുട്ടി തന്റെ ദയനീയാവസ്ഥ തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് താക്കീത് നല്‍കുകയുമായിരുന്നു.
കഴിഞ്ഞ ആറ് മാസമായി തന്റെ പിതാവ് തനിക്ക് വേണ്ടി കല്യാണാലോചനകള്‍ നടത്തുകയാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം അത് കേട്ടില്ലെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച വിവാഹമുറപ്പിക്കാന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബംഗാറിലെ ചന്ദനേശ്വറിലുള്ള വരന്റെ വസതിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പോലീസില്‍ പറയാന്‍ ആറാം ക്ലാസുകാരിയായ പെണ്‍കുട്ടി തയ്യാറായത്.
സ്കൂളില്‍ നിന്നും വരുന്ന വഴി സുഹൃത്തായ പെണ്‍കുട്ടിയോട് തനിക്കൊപ്പം പോലീസ് സ്റ്റേഷനില്‍ വരാമോ എന്ന് ചോദിച്ചു. എന്നാല്‍ തനിക്ക് ഭയമാണെന്ന് കൂട്ടുകാരി പറഞ്ഞതോടെ ഒറ്റയ്ക്ക് സ്റ്റേഷനില്‍ പോകാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. 2.5 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി തന്റെ പ്രശ്നങ്ങള്‍ തുറന്നുപറയുകയും പോലീസുദ്യോഗസ്ഥന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവിനോട് കാര്യം ആവശ്യപ്പെട്ടെങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടായിരുന്നു ആദ്യം അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ നിയമവശങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ വിവാഹം നടത്തില്ലെന്ന് അദ്ദേഹം എഴുതി നല്കി.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇത്തരത്തിലുള്ള എട്ട് വിവാഹങ്ങള്‍ ഈ വര്‍ഷം മാത്രം ഇടപെട്ട് നിര്‍ത്തിവെച്ചിട്ടുണ്ടെന്നും എംഎല്‍എ സൗകത് മൊല്ലാ പറഞ്ഞു.