ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു, ശിക്ഷയില്‍ ഇളവ് തേടി രാജസ്ഥാന് ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. തന്റെ പ്രായം പരിഗണിച്ച് ക്രൂരമായ ശിക്ഷയില്‍ നിന്നും ഇളവ് നല്‍കണമെന്നാണ് ദയാഹര്‍ജിയില്‍ ആശാറാം ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ ആശ്രമത്തില്‍ വച്ച് അഞ്ചുവര്‍ഷം മുമ്പ് 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് ആശാറാമിന് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ ജൂലൈ രണ്ടിന് ആശാറാം രാജസ്ഥാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആശാറാമിന്റെ ഹര്‍ജിയില്‍ കോടതി ഇതുവരെ വാദം കേട്ടിട്ടില്ല.
രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങ് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആശാറാമിന്റെ ഹര്‍ജി ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തരവകുപ്പ് ഹര്‍ജി ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ വിഭാഗത്തിന് കൈമാറി. ജില്ലാ ഭരണകൂടത്തില്‍ നിന്നും പൊലീസ് വിഭാഗത്തില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി കൈമാറിയത്.
ആശാറാമിന്റെ ദയാഹര്‍ജി ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ജില്ലാ ഭരണകൂടത്തോടും പൊലീസ് വകുപ്പിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്, ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കൈലാഷ് ത്രിവേദി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ജയില്‍ അധികാരികള്‍ ഇത് രാജസ്ഥാന് ജയില്‍ ഡയറക്ടര്‍ ജനറലിന് കൈമാറും.