റാഞ്ചി: ഉറങ്ങാന്‍ അനുവദിക്കാതെയുള്ള നായയുടെ കുരയും, കൊതുകു കടിയും രൂക്ഷമാകുന്ന സഹാചര്യത്തില്‍ ആശുപത്രി മുറി മാറ്റിതരണമെന്നാവശ്യവുമായി ലാലു പ്രസാദ് യാദവ്. ജയിലില്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ആശുപത്രി മുറിയ്ക്ക് വൃത്തി രഹിതമാണെന്നും അദ്ദേഹം പറയുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ലാലുവിന്റെ അണുബാധ രൂക്ഷമാക്കുന്നതാണ് ആശുപത്രിയിലെ അന്തരീക്ഷമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. പരിധിയില്‍ അധികമുള്ള ശബ്ദം അദ്ദേഹത്തിന്റെ ഉറക്കം തടസപ്പെടുത്തുന്നുണ്ടെന്നും ലാലുവിന്റെ സന്തത സഹചാരി ഭോലാ യാദവ് പറയുന്നു. നിലവിലെ മുറി പോസ്റ്റ് മോര്‍ട്ടം റൂമിന് സമീപമായതിനാല് നായ്ക്കളുടെ ശല്യം ഉണ്ടെന്നും കൃത്യമായി ഉറങ്ങാന്‍ നായ്ക്കളുടെ കുര കാരണം സാധിക്കാറില്ലെന്നും ഭോല യാദവ് വ്യക്തമാക്കി.
പ്രമേഹ ബാധിതനായ ലാലുവിന് നടക്കേണ്ട ആവശ്യമുണ്ട് എന്നാല്‍ മുറിയിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നും പരാതിയില്‍ വിശദമാക്കുന്നു. ലാലുവിന്റെ ചികിത്സാ ചെലവ് വഹിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും നേതൃത്വം വ്യക്തമാക്കി. ജാമ്യ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഓഗസ്റ്റ് 30നാണ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങിയത്. ഹൃദയസംബന്ധിയായ തകറാറുകളും വൃക്ക സംബന്ധിയായ തകരാറുകളുമുള്ള ലാലു അടുത്തിടെയാണ് ഫിസ്റ്റുലയ്ക്ക് ചികിത്സ തേടിയത്.