ബംഗളൂരു: ചുരുള്‍ മുടി നിവര്‍ത്തുന്നതിനായി ബ്യൂട്ടി പാര്‍ലറില്‍ പോയി, സ്ട്രൈറ്റന്‍ ചെയ്തതിനു ശേഷമുള്ള മുടികൊഴിച്ചിലില്‍ കണ്ട കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിയുമായ നേഹ ഗംഗമ്മ (19)യാണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞമാസം 28-മുതല്‍ പെണ്‍കുട്ടിയെ മൈസൂരുവിലെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ബ്യൂട്ടി പാര്‍ലറില്‍നിന്ന് മുടി നിവര്‍ത്തിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ മുടികൊഴിച്ചിലുണ്ടായതോടെ നേഹ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇവരുടെ പരാതിയില്‍ ബ്യൂട്ടി പാര്‍ലറിനെതിരേ പോലീസ് കേസെടുത്തു. നഗരത്തിലെ ഒരു പേയിങ് ഗസ്റ്റ് സ്ഥാപനത്തില്‍ താമസിച്ചുവരികയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞമാസം ആദ്യമായാണ് ബ്യൂട്ടി പാര്‍ലറില്‍നിന്ന് മുടിനിവര്‍ത്തിയത്. പിന്നീട് വന്‍തോതില്‍ മുടികൊഴിച്ചിലുണ്ടാകുകയായിരുന്നു.
ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അമ്മയെ വിളിച്ച് മുഴുവന്‍ മുടിയും കൊഴിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. ഒരുവര്‍ഷത്തേക്ക് കോളേജില്‍ പോകുന്നില്ലെന്നും അറിയിച്ചു. വീട്ടുകാര്‍ സമാധാനിപ്പിച്ചിട്ടും കടുത്ത സമ്മര്‍ദത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ അലര്‍ജിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നു. ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കിയതെന്ന് ലാബില്‍നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.